Hero Image

മലയാളി വോട്ടർമാർക്ക് ആശ്വാസം; കേരളത്തിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരക്ക് പരിഗണിച്ചാണ് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക.

ഏപ്രില്‍ 25ന് വൈകിട്ട് 3.50ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രില്‍ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിന്‍ കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ എത്തും. പിന്നീട് ഈ ട്രെയിന്‍ അന്നേ ദിവസം (ഏപ്രില്‍ 26) രാത്രി 11.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഏപ്രില്‍ 27ന് രാവിലെ എട്ടു മണിക്ക് ബംഗളൂരുവില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

അതേസമയം, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നത്. 30ാം തിയതി വരെയാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

READ ON APP